കോഴിക്കോട്: കോഴിക്കോട് മാവൂരിൽ രണ്ട് കടകളിൽ മോഷണം നടത്തിയ സംഭവം. പ്രതി പൊലീസ് പിടിയിൽ. മലപ്പുറം ഒടയോല പള്ളിക്കൽ ബസാർ സ്വദേശി പ്രണവ് ആണ് മാവൂർ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഇയാള്‍ കൊടിയത്തൂർ പന്നിക്കോടിന് സമീപം കവിലടയിൽ വാടകക്ക് താമസിക്കുകയാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് മോഷണം നടന്നത്.
മാവൂർ ബസ് സ്റ്റാൻഡിന് മുൻവശത്തെ പാരീസ് ലേഡീസ് ടൈലർ ഷോപ്പിലും തൊട്ടടുത്തെ പി എം ആർ വെജിറ്റബിൾസിലുമാണ് മോഷണം നടന്നത്. രണ്ട് കടകളിൽ നിന്നായി 65,000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ അന്നുതന്നെ പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒപ്പം പ്രതിയെ മോഷണം നടന്ന കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.