x
NE WS KE RA LA
Kerala Latest Updates

ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
  • PublishedJuly 17, 2024

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.


48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ടണല്‍ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തില്‍ തട്ടി തടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ റെയില്‍വേയുടെ ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. കൊച്ചിയില്‍ നിന്നുള്ള നേവി സംഘവും ഇന്ന് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചില്‍ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തലസ്ഥാനത്തിന്റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍.

ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് സ്‌കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചില്‍ നടത്തിയത്. എന്നാല്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവില്‍ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *