ഡോ എം എസ് വല്യത്താന്‍ വിടവാങ്ങി
തിരുവനന്തപുരം: വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയായ ഡോ. എം.എസ്. വല്യത്താന്‍ വിടവാങ്ങി. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്ബ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു ഡോ. എം.എസ്. വല്യത്താന്‍. ആധുനിക വൈദ്യശാസ്ത്രത്തില്‍ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുര്‍വേദ വൈദ്യശാസ്ത്രം പഠിക്കാനും അതില്‍കൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താന്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹത്തിന്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. നേതൃപദവിയില്‍ ഇരുന്ന് ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയെ ഉത്തരോത്തരം വളര്‍ത്തിയ വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു.
ഡിസ്‌പോസിബിള്‍ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവില്‍ ഹൃദയവാല്‍വ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു. ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ വിശിഷ്ടങ്ങളായ മൂന്നു കൃതികള്‍ ആയുര്‍വേദ ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായുണ്ട്. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ കൃതികള്‍. പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയവ മുതല്‍ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമടക്കമുള്ള അംഗീകാരങ്ങള്‍ വരെ അദ്ദേഹത്തെ തേടിയെത്തി. മണിപ്പാലിലടക്കം അദ്ദേഹം നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു.