x
NE WS KE RA LA
Health Kerala

മഴക്കാലത്ത് ഒ.ആര്‍.എസിന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

മഴക്കാലത്ത് ഒ.ആര്‍.എസിന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
  • PublishedJuly 29, 2024

മഴ തുടരുന്നത് വയറിളക്ക രോഗങ്ങളുടെ സാധ്യത കൂട്ടുന്ന കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ.ആര്‍.എസ്. തക്കസമയം നല്‍കുന്നതിലൂടെ സാധിക്കുന്നതാണ്. വയറിളക്കമോ ഛര്‍ദിലോ നിന്നില്ലെങ്കില്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. വയറിളക്കത്തെ തുടര്‍ന്നുള്ള നിര്‍ജലീകരണം മൂലമുള്ള മരണങ്ങള്‍ തടയുന്നതിനും രോഗം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 സംഘടിപ്പിക്കുന്നത്. ഒ.ആര്‍.എസിന്റെയും സിങ്കിന്റെയും കവറേജ് 2029-ഓടുകൂടി 90 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഒ.ആര്‍.എസ്. ഇതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ജൂലൈ 29ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്.

ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഒ.ആര്‍.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ്. ലായനി നല്‍കണം. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്. സൗജന്യമായി ലഭ്യമാണ്. വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും. രണ്ട് മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നല്‍കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *