ഹേമന്ത് സോറന്റെ ജാമ്യം റദാക്കില്ല; ഇ.ഡി ആവശ്യം തള്ളി സുപ്രീംകോടതി
റാഞ്ചിന്മ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി നടപടി. ഹൈക്കോടതി വിധി വിചാരണയെ ബാധിക്കുമെന്ന ഇ.ഡിയുടെ വാദം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വിചാരണയെ ബാധിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജൂണ്‍ 28നായിരുന്നു ഹേമന്ത് സോറനു ജാമ്യം നല്‍കി ഹൈക്കോടതി ഉത്തരവിറക്കിയത്. വിധിയില്‍ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ഭൂമി അഴിമതിക്കേസില്‍ ജനുവരി 31ന് രാത്രിയാണ് ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഇ.ഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറന്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. പിന്നാലെ 2024 ഫെബ്രുവരി രണ്ടിനു ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 5 മാസത്തിനു ശേഷം ജൂണ്‍ 28ന് ഹേമന്ത് സോറന്‍ ജാമ്യത്തിലിറങ്ങി മുഖ്യമന്ത്രി കസേരയിലേക്ക് തിരികെയെത്തുകയായിരുന്നു.