x
NE WS KE RA LA
Kerala

വീട്ടില്‍ക്കയറി വെടിവെപ്പ്: അക്രമിയായ സ്ത്രീ എത്തിയത് ആറ്റിങ്ങല്‍ ഭാഗത്തുനിന്ന്, അക്രമിക്കായി വ്യാപക അന്വേഷണം

വീട്ടില്‍ക്കയറി വെടിവെപ്പ്: അക്രമിയായ സ്ത്രീ എത്തിയത് ആറ്റിങ്ങല്‍ ഭാഗത്തുനിന്ന്, അക്രമിക്കായി വ്യാപക അന്വേഷണം
  • PublishedJuly 29, 2024

തിരുവനന്തപുരം: യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അക്രമിയായ സ്ത്രീ എത്തിയ കാര്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. അതിനിടെ, അക്രമി എത്തിയത് ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണെന്ന് സൂചനയുണ്ട്. ഈ മേഖലകള്‍ കേന്ദ്രീകരിച്ചും തിരുവനന്തപുരം സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് തിരുവനന്തപുരം ചെമ്പകശ്ശേരി പങ്കജില്‍ ഷിനി(40)ക്ക് വെടിയേറ്റത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേനയെത്തിയ സ്ത്രീ ഷിനിയ്ക്ക് നേരേ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. പിന്നാലെ രണ്ട് തവണ കൂടി അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് മുഖംമറച്ചെത്തിയ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ അക്രമി എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍, കാറില്‍ ഘടിപ്പിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നു. ആര്യനാട് സ്വദേശിനി ആഴ്ചകള്‍ക്ക് മുന്‍പ് വില്‍പ്പന നടത്തിയ മറ്റൊരു കാറിന്റെ നമ്പറാണ് അക്രമിയുടെ വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. കൃത്യത്തിന് ശേഷം ഈഞ്ചയ്ക്കല്‍ വഴി ബൈപ്പാസിലെത്തി അവിടെ നിന്ന് കഴക്കൂട്ടം ഭാഗത്തേക്കാണ് കാര്‍ പോയതെന്നും വ്യക്തമായി. ആറ്റിങ്ങല്‍ ഭാഗത്തു നിന്നാണ് ഈ കാര്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, വീട്ടിലെത്തി വെടിവെപ്പ് നടത്തിയ സ്ത്രീ ആരാണെന്നതില്‍ ഇതുവരെ കാര്യമായ സൂചനകളൊന്നുമില്ല. ആര്‍ക്കും തന്നോട് വ്യക്തിവൈരാഗ്യമില്ലെന്നും തനിക്ക് ശത്രുക്കളില്ലെന്നുമാണ് ഷിനി പോലീസിന് നല്‍കിയ മൊഴി. ഷിനിയുടെ ഭര്‍ത്താവ് മാലദ്വീപിലാണ് ജോലിചെയ്യുന്നത്. നാട്ടിലെത്തിയാല്‍ ഇദ്ദേഹത്തില്‍നിന്നും പോലീസ് മൊഴിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *