സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിൽ ഇന്ന് രാവിലെ പത്തേകാലോടെയാണ് പാമ്പിനെ കണ്ടത്. പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ജീവനക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊല്ലുകയായിരുന്നു.
കഴിഞ്ഞ ആഴ്ച സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയിൽ പാമ്പിനെ കണ്ടിരുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. അന്ന് ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല.