നടപ്പാതയിലൂടെ നടക്കെ റോഡിലേയ്ക്ക് വഴുതി വീണു, വയോധികന്‍ വാഹനങ്ങള്‍ കയറി മരിച്ചു
കണ്ണൂര്‍: നടപ്പാതയിലൂടെ നടക്കവേ കാല്‍ വഴുതി റോഡില്‍ വീണ വയോധികന്‍ വാഹനങ്ങള്‍ കയറി മരിച്ചു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് അപകടത്തിന്റെ ഭീകരത പുറത്തുവന്നത്. റോഡില്‍ വാഹനമിടിച്ച് കിടന്നയാളെ കണ്ടിട്ടും നിരവധി വാഹനങ്ങള്‍ നിര്‍ത്താതെ പോയി. തലശ്ശേരി-മൈസൂര്‍ പാതയിലെ കീഴൂരില്‍ വച്ചായിരുന്നു അപകടം.
ഇടുക്കി അടിമാലി സ്വദേശി രാജനാണ് മരിച്ചത്. കരിമ്പ് ജ്യൂസ് വില്‍പനക്കാരനായ രാജന്‍ ജോലി കഴിഞ്ഞ് രാത്രി റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് കാല്‍ തെന്നി റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ഓട്ടോടാക്‌സി രാജനെ ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോയെങ്കിലും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇതിന് പിന്നാലെ മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രാജന്‍ മരിക്കുകയായിരുന്നു. രാജനെ ഇടിച്ച് നിര്‍ത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.