യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ
കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതല്‍ അധിക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി ഉണ്ടാവും. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്കും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം. രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂള്‍ വരുന്നത്. ഈ സമയങ്ങളില്‍ ഏഴ് മിനിട്ട് ഇടവേളകളില്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. അതിനിടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച തുടക്കം കുറിച്ചു. ടെസ്റ്റ് പൈലിങാണ് ആദ്യം നടത്തിയത്. 1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പദ്ധതി തുക.
11.2 കി മീ നീളത്തിലുള്ള വയഡക്ട് നിര്‍മ്മാണത്തിനുള്ള കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനാണ്. 1141.32 കോടി രൂപയാണ് കരാര്‍ തുക. 20 മാസമാണ് പണി പൂര്‍ത്തീകരിക്കാനുള്ള കാലാവധി. 11.2 കിലോമീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പണി 20 മാസത്തെ കാലയളവില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ, പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ എം പി രാംനവാസ്, സിസ്റ്റം ഡയറക്ടര്‍ സഞ്ജയ് കുമാര്‍, ഫിനാന്‍സ് ഡയറക്ടര്‍ അന്നപൂര്‍ണ്ണി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്ലാനിംഗ് ആന്‍ഡ് പ്രോജെക്ടസ് വിനു സി കോശി, കൊച്ചി മെട്രോ എന്‍ജിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജനറല്‍ കണ്‍സള്‍ട്ടന്റ് സിസ്ട്രയുടെ ഉദ്യോഗസ്ഥര്‍,അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.