x
NE WS KE RA LA
Crime Kerala

കല്യാണ ഡ്രസ്സ് കോഡിന്റെ പേരില്‍ തര്‍ക്കം, കാറും ബൈക്കും ട്രാവലറും അടിച്ചു തകര്‍ത്തു

കല്യാണ ഡ്രസ്സ് കോഡിന്റെ പേരില്‍ തര്‍ക്കം, കാറും ബൈക്കും ട്രാവലറും അടിച്ചു തകര്‍ത്തു
  • PublishedDecember 21, 2024

പാലക്കാട്: കോട്ടായിയില്‍ ഒരു വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് അക്രമിസംഘം. കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ കാര്‍, ബൈക്ക്, ട്രാവലര്‍, ടിപ്പര്‍ലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകര്‍ത്തത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുളള ഡ്രസ്സ് കോഡില്‍ തുടങ്ങിയ തര്‍ക്കമാണ് ഇത്തരത്തില്‍ പ്രതികാരത്തിലേയ്ക്ക് എത്തിച്ചത്. സുഹൃത്തുക്കള്‍ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന് മന്‍സൂറിന്റെ സഹോദരന്‍ പണം നല്‍കിയിരുന്നില്ല. ഇതില്‍ ദേഷ്യപ്പെട്ട് സുഹൃത്തുക്കളിലൊരാള്‍ രാത്രി വീട്ടില്‍ക്കയറി വന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് തല്ലുകയും ചെയ്തു. പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പായെങ്കിലും വീണ്ടും ഇയാള്‍ വീട്ടില്‍വന്ന് പ്രശ്‌നമുണ്ടാക്കി. ഇതോടെ പോലീസില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് വീണ്ടും ഇവര്‍ സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തതെന്നാണ് മന്‍സൂറിന്റെ സഹോദരന്‍ പറയുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അക്രമിസംഘം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത്. മന്‍സൂര്‍ പുതിയതായി വാങ്ങിയ കാര്‍, വീട്ടിലുണ്ടായിരുന്ന ബൈക്ക്, ട്രാവലര്‍, ടിപ്പര്‍ ലോറി തുടങ്ങിയവയെല്ലാം അക്രമിസംഘം തകര്‍ത്തു. ഡോറിന്റെ ലോക്കുകളും ജനാലകളും തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഭീതിയിലാണ് മന്‍സൂറിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *