ബദിയടുക്ക: ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ബെളിഞ്ച എ.എല്‍.പി സ്‌കൂളിന്റെ ഒരു ഭാഗം തകര്‍ന്നു. അവധിദിവസമായതിനാല്‍ വലിയ ദുരന്തമാണ് വഴിമാറിയത്. മതിയായ കെട്ടുറപ്പില്ലാത്തതാണ് തകരാന്‍ കാരണമെന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഒരുഭാഗത്ത് മാത്രമാണ് കാറ്റ് വീശിയതെന്ന് പരിസരവാസികള്‍ പറയുന്നു. കാറ്റില്‍ മരങ്ങള്‍ കടപുഴകി പ്രദേശത്തെ വീടുകള്‍ക്കടക്കം അപകടമുണ്ടായിട്ടുണ്ട്. അപകടത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും മുന്‍വശത്ത് കെട്ടിയ ഷീറ്റുമാണ് തകര്‍ന്നത്. കാലപ്പഴക്കംചെന്ന സ്‌കൂളില്‍ നാനൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പണികളൊന്നും കാര്യമായി ഇവിടെ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാഭീഷണി സംബന്ധിച്ച പരിശോധന ഇനിയെങ്കിലും വേണമെന്നാണ് ആവശ്യം.
അതേസമയം, കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നമല്ലെന്നും ശക്തമായ ചുഴലിക്കാറ്റുണ്ടായിരുന്നതിനാലാണ് കേടുപാട് സംഭവിച്ചതെന്നും മാനേജ്‌മെന്റ് പ്രതികരിച്ചു. നല്ല മഴ പെയ്യുമ്പോഴും കലക്ടര്‍ അവധി പ്രഖ്യാപിക്കാതിരിക്കുന്നത് ഇത്തരം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആധിയാണുണ്ടാക്കുന്നത്. ചെറിയ കുഞ്ഞുങ്ങളടക്കം പഠിക്കുന്ന ഇത്തരം സ്‌കൂളുകള്‍ കാലോചിതമായി നവീകരിക്കണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്‌കൂള്‍ കലക്ടര്‍ കെ. ഇമ്ബശേഖര്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കാനും അടിയന്തരമായി പി.ടി.എ യോഗം ചേര്‍ന്ന് സ്‌കൂള്‍ പ്രവൃത്തി മദ്‌റസ കെട്ടിടത്തിലേക്ക് മാറ്റാനും അദ്ദേഹം സ്‌കൂള്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. പി.ഡബ്ല്യൂ.ഡി ബില്‍ഡിങ് ബദിയടുക്ക എ.ഇ ശ്രീനിത് കുമാര്‍ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുമെന്ന് അറിയിച്ചു.