വെെറ്റ് ഗാർഡിന്റെ ഊട്ടുപുര പൂട്ടാവൻ ആരും ഉത്തരവിട്ടിട്ടില്ലെന്ന് മന്ത്രി കെ. രാജൻ
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്കുള്‍പ്പെടെ സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഭക്ഷണശാല പൂട്ടാൻ ആരും ഉത്തരവിട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ.വൈറ്റ് ഗാർഡ് നടത്തുന്ന സേവനം മഹത്തരമാണ്. ആരെയും തടയാൻ ഞങ്ങള്‍ നിശ്ചയിച്ചിട്ടില്ല. അത് സംബന്ധിച്ച് ഒരു തർക്കത്തിനും ഇപ്പോള്‍ ഇടയില്ല. നമ്മള്‍ ഒറ്റമനസായി നില്‍ക്കേണ്ട സമയമാണ് ഇപ്പോള്‍. ഇപ്പോള്‍ വേണ്ടത് വിവാദമല്ലെന്നും മന്ത്രി പറഞ്ഞു. മേപ്പാടി കള്ളാടിയില്‍ വൈറ്റ് ഗാർഡ് ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് നിർത്തിവെപ്പിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഭക്ഷണ വിതരണം നിർത്തിയതോടെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടവർക്കടക്കം ഭക്ഷണം കിട്ടുന്നില്ല എന്ന പരാതി ഉയർന്നിരുന്നു.
സർക്കാർ തീരുമാനത്തിനെതിരെ രക്ഷാപ്രവർത്തകരും യൂത്ത് ലീഗ്, കോണ്‍ഗ്രസ് നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തുവാരികയും സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ഉണ്ടായിരുന്നു. വിവാദം കൂടുതല്‍ കനത്തതോടെ ഊട്ടുപുര നിർത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ രംഗത്തുവന്ന മന്ത്രി മുഹമ്മദ് റിയാസ്, വൈറ്റ്ഗാർഡിന് ഭക്ഷണശാല തുടരാമെന്നും അറിയിച്ചിരുന്നു. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.