ഹിമാചലിൽ മേഘവിസ്ഫോടനം; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു
ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം കാരണമുണ്ടായ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു.മാണ്ഡി, ഷിംല എന്നീ ജില്ലകളില്‍ നിന്ന് നാല് മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ജൂലൈ 31 ന് രാത്രി കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളില്‍ മേഘവിസ്ഫോടനം തുടർച്ചയായി ഉണ്ടായതിന് ശേഷം 40-ലധികം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. സ്നിഫർ ഡോഗ് സ്ക്വാഡുകള്‍, ഡ്രോണുകള്‍, എന്നിവ വിന്യസിച്ച് രക്ഷാപ്രവർത്തകർ തിരച്ചില്‍ ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഓഗസ്റ്റ് എട്ട് വരെ കനത്ത മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ജൂണ്‍ 27ന് തുടങ്ങിയ മഴയില്‍ ഹിമാചല്‍പ്രദേശില്‍ 662 കോടി രൂപയുടെ നഷ്ടമാണ് വന്നത്. ഷിംലയുടെയും കുളുവിന്റെയും അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന സമേജ്, ധാരാ സർദ, കുഷ്വ എന്നീ മൂന്ന് ഗ്രാമങ്ങളില്‍ പ്രളയമുണ്ടായി. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, അസം, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഹിമാചല്‍ പ്രദേശ് പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂർ ഞായറാഴ്ച സ്ഥിതിഗതികള്‍ വിലയിരുത്തുകയും ദുരന്തബാധിതരെ സന്ദർശിക്കുകയും ചെയ്തു. സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു 50,000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.