വീടിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി രക്ഷിച്ച വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: കാട്ടൂരിൽ ഏതാനും ദിവസം മുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകി.
ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടാണ് അജ്ഞാതൻ ആക്രമിച്ചത്. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. വീടിന്‍റെ വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അടുക്കള വാതില്‍ വഴി മകന്‍ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ അമ്മയെ കണ്ടത്. പിന്നാലെ പൊലീസിൽ പരാതി നൽകി. മോഷണ ശ്രമമാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ആഭരണങ്ങൾ ഒന്നും നഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ നടന്നിരിക്കുന്നത്.