അതിശക്ത മഴ തുടരുന്നു: മഴക്കെടുതിയില്‍ മരണം 3
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കനത്ത മഴ കാരണം നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമലയാറ്, പെരിയാര്‍, ഭാരതപ്പുഴ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചിലും കുത്തൊഴുക്കുമുണ്ടായി. ബൈപ്പാസിലെ മലമുകളില്‍ നിന്ന് വെളളവും പാറകഷ്ണങ്ങളും റോഡിലേക്ക് ഒഴുകിയെത്തിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസമുണ്ടായി.
കോട്ടയത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പെരുമ്പായിക്കാട്, വിജയപുരം എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ 31 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.
കോഴിക്കോട് കുറ്റ്യാടിയില്‍ വീടിന് മുകളില്‍ മരം വീണ് അപകടമുണ്ടായി. അതിതീവ്രമായ മഴയാണ് കോഴിക്കോട് രേഖപ്പെടുത്തിയത്. കുറ്റ്യാടിയില്‍ മിന്നല്‍ ചുഴലിയുണ്ടായി. ഭൂതത്താന്‍ കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതിനാല്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് മലയോര മേഖലയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടനാട്ടില്‍ ദേശീയദുരന്ത നിവാരണ സേനയെ നിയോഗിച്ചു.