തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു . പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതുപോലെ , ആനയ്ക്ക് മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഒപ്പം ഇടഞ്ഞ ആനയെ പാപ്പാൻ തളക്കുകയും ചെയ്തു.
എട്ടു ദിവസമായി തുടരുന്ന നേർച്ചയുടെ സമാപനത്തിലാണ് ആന ഇടഞ്ഞത്. വലിയ ആൾക്കൂട്ടത്തിനിടയിൽ വെച്ച് ആന ഇടയുകയായിരുന്നു. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിനു മുന്നിലാണ് ആന ഇടഞ്ഞത്. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റതയാണ് വിവരം. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ആന തൂക്കിയെടുത്ത് എറിഞ്ഞയാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.