പാലക്കാട്: തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവം. അന്വേഷണം ഊർജിതമാക്കി പൊലീസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ കൃഷ്ണദാസിൻ്റെ മേൽനോട്ടത്തിൽ ചിറ്റൂർ സി ഐ എംജെ മാത്യു ആണ് അന്വേഷണച്ചുമതല നിർവഹിക്കുന്നത്. കൂടാതെ സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തി.
അതുപോലെ സ്കൂളിലെ പ്രധാനാധ്യാപകരോടും പി ടി എ ഭാരവാഹികളോടും പൊലീസ് കൂടുതൽ കാര്യങ്ങൾ ഇന്ന് ചോദിച്ചറിയും. ഒപ്പം റിമാൻഡിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
വിശ്വഹിന്ദുപരിഷതിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് നടത്തിയ സ്കൂളുകളിൽ ആസൂത്രിതമായി അക്രമം നടത്താൻ പദ്ധതിയുണ്ടായിരുന്നോ, ഇതിന് പിന്നിൽ മറ്റ് ഇടപെടലുകളുണ്ടോയെന്നും അറിയാനാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ശാസ്ത്രീയ പരിശോധനഫലം, സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടയിലാണ് വി എച്ച് പി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനും തീരുമാനിച്ചത് ഡിവൈഎസ്പി പറഞ്ഞു.
തത്തമംഗലം ജി.ബി. യു പി സ്കൂളിലെ ക്ലാസ് മുറിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന രൂപങ്ങളാണ് തകർത്തിരിക്കുന്നത്. സംഭവത്തിൽ പ്രധാനാധ്യാപകൻ്റെ പരാതിയിൽ ചിറ്റൂർ പൊലീസ് കേസെടുത്തു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമെന്നാണ് എഫ് ഐ ആർ .