ആദ്യം ബോംബാണെന്ന് സംശയിച്ചു; ചെങ്ങളായില്‍ നിന്നും നിധിയെന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
കണ്ണൂര്‍: കണ്ണൂര്‍ ചെങ്ങളായില്‍ നിന്നും നിധിയെന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍. മഴക്കുഴി എടുത്തുകൊണ്ടിരിക്കവേയാണ് തൊഴിലാളികള്‍ക്ക് സ്വര്‍ണാഭരണങ്ങളും മുത്തും വെളളിയാഭരണങ്ങളും അടങ്ങിയ കുടം ലഭിച്ചത്. ആദ്യം ബോംബാണെന്ന് സംശയിച്ചെന്നും പിന്നീട് ധൈര്യം സംഭരിച്ച് തുറന്നെന്നും നിധിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെന്നും തൊഴിലാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണികള്‍,13 സ്വര്‍ണപതക്കങ്ങള്‍, കാശി മാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ആദ്യം കിട്ടിയത്.
പിന്നീടും കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തി. 3 വെള്ളിനാണയവും ഒരു സ്വര്‍ണമുത്തുമാണ് പിന്നീട് കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ മഴകുഴിക്ക് സമീപത്ത് നിന്നാണ് ഇവ കിട്ടിയത്. ആഭരണങ്ങള്‍ക്ക് 200 വര്‍ഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം. അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം വന്നാല്‍ മാത്രമേ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധനകള്‍ തുടങ്ങുകയുള്ളൂ. മൂല്യം കണക്കാക്കി പിന്നീട് സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വകുപ്പ് അറിയിച്ചു.