ധ്രുവ് റാഠിക്കെതിരേ പൊലീസ് കേസ്; തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്‌തെന്നതാണ് കേസ്
മുംബൈ: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂവന്‍സറായ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്.
ധ്രുവിന്റെ ട്വീറ്റ് വിവാദമായതോടെയാണ് അഞ്ജലിയുടെ ബന്ധുവായ നമാന്‍ മഹേശ്വരി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്. 2019-ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ധ്രുവ് റാഠിയുടെ ട്വീറ്റിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.