58 വര്‍ഷം പഴക്കമുള്ള വിലക്ക് നീക്കി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാന്‍ അനുമതി
ന്യൂ ഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാന്‍ അനുമതി നല്‍കിയതോടെ മോദി സര്‍ക്കാര്‍ നീക്കിയത് 58 വര്‍ഷം പഴക്കമുള്ള വിലക്ക്. 1966ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ജൂലൈ ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പിന്‍വലിച്ചത്. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ആദ്യം അധികാരത്തില്‍ വന്നപ്പോഴും നരേന്ദ്ര മോദി രണ്ടുതവണ പ്രധാനമന്ത്രിയായപ്പോഴും നീക്കാതിരുന്ന വിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായതോടെ ആര്‍.എസ്.എസിനെ അനുനയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.
വിലക്ക് നീക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നത്.