ജനകീയ ബജറ്റ് ആവുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വികസിതഭാരതം ലക്ഷ്യംവെച്ചുള്ള ജനകീയ ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് പോരാടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുംപ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു മോദി. നാളെ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ദിശാ സൂചിക നല്‍കുന്നതായിരിക്കും. അടുത്ത അഞ്ചുവര്‍ഷത്തെ കര്‍മപരിപാടികള്‍ തീരുമാനിക്കുന്നതായിരിക്കും ബജറ്റ്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുക. മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ ഗ്യാരണ്ടികള്‍ പടിപടിയായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു.
ചില പാര്‍ട്ടികളുടെ നിഷേധാത്മക രാഷ്ട്രീയത്തെ പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു. പരാജയങ്ങള്‍ മറയ്ക്കാന്‍ അവര്‍ പാര്‍ലമെന്റിന്റെ സമയം വെറുതെ കളഞ്ഞു. വരുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മക ചര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്ത് നിക്ഷേപാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സാമ്ബത്തിക മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റവുമധികം അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ അഭിമാന യാത്രയിലെ സുപ്രധാന ലക്ഷ്യസ്ഥാനമാണ് ബജറ്റ് സെഷന്‍. 60 വര്‍ഷത്തിന് ശേഷം ഒരു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കരുത്തുപകരുമെന്നും മോദി പറഞ്ഞു.