ഓടയില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ ഓടയില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്.
മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോടു കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍നിന്ന ജോയി ഒഴുക്കില്‍പെടുകയായിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ രംഗത്തെത്തി മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.