വാടക വീട് കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപാട്; 30 ലക്ഷവുമായി 8 അംഗ സംഘം പിടിയില്‍
അരീക്കോട്: അരീക്കോട് മേല്‍മുറി പുളിയക്കോട്ട് വാടകവീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 30,47,300 രൂപയുടെ കുഴല്‍പണവുമായി എട്ടംഗ സംഘം പിടിയില്‍. മേല്‍മുറി പുളിയക്കോട് സ്വദേശികളായ മുള്ളന്‍ചക്കിട്ടക്കണ്ടിയില്‍ വീട്ടില്‍ യൂസഫലി (26), കൊട്ടക്കാടന്‍ വീട്ടില്‍ ഇസ്മായില്‍ (36), ഓട്ടുപാറ വീട്ടില്‍ സലാഹുദ്ദീന്‍ (21), മലയന്‍ വീട്ടില്‍ ഫാഹിദ് (23), ചാത്തനാടിയില്‍ വീട്ടില്‍ ഫൈസല്‍( 22), കൊട്ടക്കാടന്‍ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്( 23), കണ്ണന്‍കുളവന്‍ വീട്ടില്‍ മുഹമ്മദ് ശാക്കിര്‍ (22), കാളികാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടന്‍ വീട്ടില്‍ ജാബിര്‍ (35) എന്നിവരെയാണ് അരീക്കോട് എസ്.ഐ എം.കെ നവീന്‍ ഷാജു അറസ്റ്റ് ചെയ്തത്. മാസങ്ങളായി പുളിയക്കോട്ട് ഈ പഴയ വീട് കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപാട് നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു.
കോടികളുടെ കള്ളപ്പണ രേഖകളും നോട്ടെണ്ണല്‍ യന്ത്രങ്ങള്‍, അഞ്ച് കാല്‍ക്കുലേറ്ററുകള്‍, പേപ്പര്‍ കട്ടര്‍, 14 മൊബൈല്‍ ഫോണുകള്‍, ആറ് ബൈക്കുകള്‍ എന്നിവയും പിടികൂടി. 500 രൂപയുടെ കെട്ടുകളാക്കിയാണ് സൂക്ഷിച്ചിരുന്നത്. ജില്ലയില്‍ ചില്ലറ വിതരണത്തിനുള്ള പണം ഇവിടെയാണ് എത്തിച്ചിരുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വന്‍ സംഘത്തിന്റെ കണ്ണികളാണെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 784/24,111 (3),111 (7) പ്രകാരമാണ് കേസ്. ബി.എന്‍.എസ് പ്രകാരം ജില്ലയില്‍ കുഴല്‍പണ വേട്ടയിലെടുക്കുന്ന രണ്ടാമത്തെ കേസാണിത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്.പി എ. ഷിബു, എസ്.ഐമാരായ നവീന്‍ ഷാജു, കബീര്‍, എസ്.ഐ ശശികുമാര്‍, എ.എസ്.ഐ സ്വയംപ്രഭ, സി.പി.ഒമാരായ അഖില്‍ദാസ്, സുനില്‍കുമാര്‍, അനില്‍കുമാര്‍, സജീഷ്, ജില്ല പൊലീസ് മേധാവിയുടെ സ്‌ക്വാഡംഗങ്ങളായ അഭിലാഷ്, സുനില്‍, സുനില്‍, നവീന്‍, ജിയോ ജേക്കബ്, കൃഷ്ണദാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.