പെരിയ ഇരട്ടക്കൊല കേസ് ; നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു.
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
അതിൽ ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.