അനന്തിനെയും രാധികയെയും അനുഗ്രഹിക്കാന്‍ മോദി എത്തും
മുംബൈ: മുംബൈ ബാന്ദ്രയുടെ മാനത്തെ മഴയുടെ ഓറഞ്ച് അലര്‍ട്ടിനെ കൂസാതെ അംബാനി കുടുംബത്തിലെ ഇളമുറക്കാരന്റെ കല്യാണച്ചടങ്ങുകള്‍ തുടരുന്നു. ഇന്ന് നടക്കുന്ന ശുഭ് ആശിര്‍വാദ് ചടങ്ങിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇന്നലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ അനന്ത് അംബാനിയും രാധികാ മര്‍ച്ചന്റും ഔദ്യോഗികമായി വിവാഹിതരായി. ഇനി രണ്ട് ദിവസത്തെ ചടങ്ങുകള്‍ ബാക്കിയുണ്ട്. ശുഭ് ആശിര്‍വാദ് ചടങ്ങുകളാണ് ജിയോ വേള്‍ഡ് സെന്ററിലും അംബാനിയുടെ വസതിയായ ആന്റിലിയയിലുമായി ശനിയാഴ്ച നടക്കുക. ഞായറാഴ്ച ആന്റിലിയയില്‍ നടക്കുന്ന മംഗള്‍ ഉത്സവും തിങ്കളാഴ്ച റിലയന്‍സ് ജീവനക്കാര്‍ക്കായി നടക്കുന്ന വിരുന്ന സല്‍ക്കാരവുമാണ് ഇനിയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്റിലിയയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ശുഭ് ആശിര്‍വാദ് ദിനത്തിലെ ചടങ്ങുകള്‍ക്കുശേഷം നവദമ്പതികളെ അദ്ദേഹം ആശിര്‍വദിക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്കും ഇന്നാണ് വിരുന്നിനു ക്ഷണം. ഇന്നലെ മുംബൈയിലെത്തിയ മമത, രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം രാവിലെ ജിയോ വേള്‍ഡ് സെന്ററില്‍ എത്തിയിരുന്നു. മംഗള്‍ ഉത്സവ ചടങ്ങില്‍ ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കും. ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത് വിട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ ഇല്ലാത്തതിനാല്‍ താരദമ്പതികളായ വിരാട് കോലിയും അനുഷ്‌ക ശര്‍മയും പങ്കെടുത്തില്ല. ആമിര്‍ ഖാന്‍, കജോള്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ തുടങ്ങിയവരും എത്തിയില്ല.