പത്തനംതിട്ട : പന്തളം നഗരസഭ ഇനി ബിജെപി ഭരിക്കുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇന്നലെ ചെയർപേഴ്സൺ സുശീലാ സന്തോഷും ഡെപ്യൂട്ടി ചെയർപേഴ്സൺ യു. രമ്യയും രാജി നൽകിയിരുന്നു.
എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ആണ് രാജി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് അവിശ്വാസപ്രമേയ ചർച്ച നടക്കാൻ സാധ്യതയില്ല എന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും രാജിവെച്ചതോടെ ചർച്ചയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നോട്ടീസ് ലഭിച്ച കാര്യം കൗൺസിലിനെ അറിയിക്കുന്ന നടപടിക്രമം മാത്രമാകും ഇന്ന് ഉണ്ടാവുക. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്താൽ ഇരുവരും പരാജയപ്പെട്ട് പുറത്തുപോകും എന്ന് ഉറപ്പായിരുന്നു.
18 ബിജെപി കൗൺസിലർമാരിൽ നിന്ന് മൂന്നുപേർ വിമതരായി നേതൃത്വത്തിനെതിരെ രംഗത്ത് ഉണ്ടായിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായാണ് രാജി എങ്കിലും ഇനി ബിജെപിയുമായി സഹകരിക്കേണ്ട എന്ന തീരുമാനത്തിലാണ് വിമതർ എന്നാണ് സൂചനകൾ പറയുന്നത്.
14 ദിവസത്തിനകം പുതിയ ചെയർപേഴ്സണെയും ഡെപ്യൂട്ടി ചെയർപേഴ്സണെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിനാൽ ഈ സമയം കൊണ്ട് വിമതരം അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് ബിജെപിയുടെ നീക്കം. ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.
എൽഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗൺസിലറും ഉൾപ്പെടെ 11 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നൽകിയിരിക്കുന്നത്. എൽഡിഎഫിലെ ഒമ്പത് കൗൺസിലർമാരും സ്വതന്ത്രൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിൽ ഒപ്പുവച്ചു.