അകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് വ്യാജന്‍; വാഹനം പൊളിച്ച് കളയാന്‍ നിര്‍ദേശം
മലപ്പുറം: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ നിയമലംഘനത്തിലൂടെ സവാരി നടത്തിയ വാഹനം അടിമുടി വ്യാജനെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹനത്തിന്റെ എന്‍ജിന്‍, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്‌സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പനമരം പോലീസ് റദ്ദാക്കി, വാഹനം പൊളിച്ചുകളയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. കെ.ആര്‍. സുരേഷ് മലപ്പുറം ആര്‍.ടി.ഒ.യ്ക്ക് നിര്‍ദേശം നല്‍കി. ആര്‍.സി. പ്രകാരം മഹീന്ദ്രയുടെ 2002 മോഡല്‍ ജീപ്പായിരുന്നു ആകാശ് തില്ലങ്കേരി ഓടിച്ചത്. കരസേനയ്ക്കുവേണ്ടി ഓടിയിരുന്ന വാഹനം 2017-ല്‍ ലേലംചെയ്യുകയായിരുന്നു.
വാഹനം 2017-ല്‍ പഞ്ചാബില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 2018-ല്‍ മലപ്പുറത്ത് റീ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ പേരിലാണ് വാഹനം നിലവില്‍ ഉള്ളത്. ആകാശ് തില്ലങ്കേരിയോടൊപ്പം മുന്‍സീറ്റിലിരുന്ന് സഞ്ചരിച്ച പനമരം മാത്തൂര്‍ സ്വദേശി പുളിക്കലകത്ത് ഷൈജല്‍ (28) വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സ്റ്റേഷനില്‍ എത്തി വാഹനം ഹാജരാക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് എം വി ഡിക്ക് കൈമാറി. സംഭവസമയത്ത് ഉപയോഗിച്ച ടയര്‍ ഊരിമാറ്റിയശേഷമാണ് വാഹനം എം വി ഡിക്ക് ഹാജരാക്കിയത്. വാഹനം രൂപമാറ്റം വരുത്താനായി ഉപയോഗിച്ച നാല് ടയറും കൂളിവയലിലെ ഷൈജലിന്റെ ബന്ധുവീട്ടില്‍നിന്ന് കണ്ടെടുത്തു.