ബസുകള്‍ തമ്മിൽ മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
പത്തനംതിട്ട: സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിൽ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ കല്ലേറിലാണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റിരിക്കുന്നത്. സംഭവത്തിൽ ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന സ്വപ്‌ന, നിബുമോന്‍ ബസുകളില്‍ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ബസ് സമയത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് വാക്കേറ്റം നടക്കുകയും. പിന്നീട് ഇരുബസുകളും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തി അവിടെ വെച്ചാണ് കല്ലേറുണ്ടായത്.
പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒപ്പം പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷമാണ് നടപടി എടുക്കുക.