കൊച്ചി: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ സിനിമാ മേഖലയിലെ ആർട്ടിസ്റ്റുകള്‍ ഉയർത്തിയത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മൂന്ന് ഗുരുതരമായ ആരോപണങ്ങള്‍ മുകേഷിനെതിരെ വന്നിട്ടുണ്ട്. പല ആരോപണങ്ങളും ജാമ്യമില്ലാ വകുപ്പുകളുടെ പരിധിയില്‍ വരുന്നതാണെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സാധാരണ ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ കേസെടുക്കണ്ടേ. അങ്ങനെയുളള ഒരാളെ എംഎല്‍എയായും കോണ്‍ക്ലേവിന്റെ ഉപദേശകനായും വച്ചിട്ട് എങ്ങനെയാണ് ഹേമ കമ്മിറ്റിയിലെ നിർദ്ദേശങ്ങള്‍ ഞങ്ങള്‍ ഇവിടെ നടപ്പാക്കും എന്ന് സർക്കാരിന് പറയാൻ കഴിയുകയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സർക്കാരിന്റെ നികുതിപ്പണം ചെലവാക്കുകയല്ലാതെ കോണ്‍ക്ലേവ് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹേമ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കാതിരിക്കാനാണ് സർക്കാർ ശ്രമം. അന്വേഷണ കമ്മീഷൻ കണ്ണില്‍ പൊടിയിടാനുള്ള സംവിധാനം മാത്രമാണ്. സർക്കാരിന് ഒളിച്ചോടാനുള്ള ഉപാധിയായി കാണുകയാണ്. നടപടിയെടുക്കാനുള്ള ആർജ്ജവം ഇല്ല. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കില്‍ ആദ്യം നടപടി എടുക്കേണ്ടത് മുകേഷിനെതിരെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.