തിരുവനന്തപുരം: മുനമ്പം പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം നാളെ. ഭൂമിക്കുമേൽ പ്രദേശവാസികൾക്കുള്ള അവകാശം എങ്ങനെ പുനഃസ്ഥാപിക്കാമെന്നതാണ് യോഗത്തിന്റെ മുഖ്യ അജൻഡ. യോഗത്തിൽ നിയമ, റവന്യു, വഖഫ് മന്ത്രിമാർ, വഖഫ് ബോർഡ് ചെയർമാൻ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.
പ്രദേശവാസികൾക്കു ഭൂമിക്കുമേൽ അവകാശം നൽകുന്ന കാര്യത്തിൽ വഖഫ് ബോർഡിന്റെ നിലപാട് സർക്കാർ ആരായും. ഭൂമി വഖഫ് ആണെന്ന നിലപാടിൽ ബോർഡ് ഉറച്ചുനിന്നാൽ പ്രശ്നപരിഹാരം സങ്കീർണമാകും. ചർച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും അതിനുള്ള ആദ്യപടിയാണ് നാളെ നടക്കുകയെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഒപ്പം മുനമ്പത്ത് സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായും വരും നാളുകളിൽ സർക്കാർ ചർച്ച നടത്തും.
യോഗത്തിൽ മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ റിപ്പോർട്ട് പരിഗണിക്കും. ഫാറൂഖ് കോളജിനു ലഭിച്ച ഭൂമി പിന്നീട് പ്രദേശവാസികൾക്കു കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണു പരിശോധിക്കുക. പ്രദേശവാസികളിൽ നിന്നു മുൻപ് കരം സ്വീകരിച്ചതിന്റെ വിശദാംശങ്ങളും നിലവിലെ സാഹചര്യവും റവന്യു വകുപ്പ് വിശദീകരിക്കും. ഭൂമിയുടെ അളവ് തിട്ടപ്പെടുത്താൻ വീണ്ടും സർവേ നടത്തേണ്ടതുണ്ടോയെന്ന കാര്യവും പരിശോധിക്കും. മുനമ്പത്ത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കു തടയിടുകയെന്ന ദൗത്യമാണ് സർക്കാരിനു മുന്നിലുള്ളത്.