ചന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി
ഗുജറാത്ത്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. സാമ്ബിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 51,725 പേരെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്‌തെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. വൈറസിനെ പ്രതിരോധക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ എല്ലാ ജില്ലയിലും ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നിന്നുള്ള ഒരാള്‍ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്ബര്‍കാന്ത, ഹിസാഗര്‍, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തില്‍ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മണല്‍ ഈച്ചയുടെ കടി ഏല്‍ക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.