x
NE WS KE RA LA
Kerala Politics

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി; ആയിരങ്ങള്‍ക്ക് ആശ്വാസംമുഖ്യമന്ത്രി പിണറായി വിജയന്‍

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി; ആയിരങ്ങള്‍ക്ക് ആശ്വാസംമുഖ്യമന്ത്രി പിണറായി വിജയന്‍
  • PublishedJuly 18, 2024

ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവില്‍ തള്ളുന്ന നയം ഇനി സര്‍ക്കാരിനില്ല. കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കല്‍ ബില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകള്‍ക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവില്‍ തള്ളുന്ന പ്രവര്‍ത്തി ഇനി മുതല്‍ ചെയ്യാന്‍ കഴിയില്ല. കേരളത്തിലെ സഹകരണ ബാങ്കുകള്‍, ദേശ സാത്കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കൊമേയ്ഷ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സര്‍ക്കാരിന് ഇടപെടാന്‍ പൂര്‍ണ്ണ അധികാരം നല്‍കുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകള്‍ അടങ്ങിയ നിയമമാണ് കേരള നിയമസഭ ഭേദഗതി ചെയ്തത്.

എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നല്‍കുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സര്‍ക്കാരിന് പുതിയ ജപ്തി വിരുദ്ധ ബില്‍ അധികാരവും, അവകാശവും നല്‍കുന്നുണ്ട്. 25,000 രൂപ വരെ തഹസില്‍ദാര്‍, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടര്‍, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന കാര്യ വകുപ്പ് മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, ഇരുപത് ലക്ഷം രൂപക്ക് മുകളില്‍ കേരള സര്‍ക്കാര്‍ എന്നീ അധികാര കേന്ദ്രങ്ങള്‍ക്ക് ജപ്തി നടപടികള്‍ തടയുവാനും, ഗഡുക്കള്‍ നല്‍കി സാവകാശം അനുവദിച്ചു നല്‍കാനും, ജപ്തി നടപടികളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും. ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഇനി മുതല്‍ ഉടമക്ക് വില്‍ക്കാം, ഉടമ മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് വില്‍ക്കാം. ജപ്തി വസ്തുവിന്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഈ രീതിയില്‍ നല്‍കുന്ന അപേക്ഷയില്‍ ജപ്തി വസ്തു വില്‍പന രജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ ചെയ്ത് നല്‍കണം എന്നിവ ജപ്തി വിരുദ്ധ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

പലിശ കുറച്ച് നല്‍കണം, 12 ശതമാനം വരുന്ന പലിശ ഒന്‍പത് ശതമാനമായി കുറച്ച് നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു എന്നിവ ഉടമക്ക് തിരിച്ച് എടുക്കാം. ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക്, അവകാശികള്‍ക്ക് തിരിച്ച് എടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജപ്തി വസ്തുവിന്റെ പണം ഗഡുക്കളായി നല്‍കി കൊണ്ട് വസ്തു തിരിച്ചെടുക്കാം. ജപ്തി വസ്തു ഒരു രൂപക്ക് സര്‍ക്കാരിന് ഏറ്റെടുത്ത് ഉടമക്ക് തിരിച്ച് നല്‍കാം. ലേലത്തില്‍ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു തുടങ്ങിയവ ഒരു രൂപ പ്രതിഫലം നല്‍കി ജപ്തി വസ്തു സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാല്‍ അവകാശികള്‍ക്കോ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ച് നല്‍കണം. പണം ഗഡുക്കളായി നല്‍കാന്‍ സാവകാശം നല്‍കുകയും വേണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാള്‍ക്കും സര്‍ക്കാര്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. സര്‍ക്കാരിന്റെ പൊതു ആവശ്യങ്ങള്‍ക്ക് ഈ വസ്തു ഏറ്റെടുക്കാന്‍ പാടില്ല. ഒരു തരത്തിലുമുള്ള രൂപ മാറ്റവും വസ്തുവില്‍ വരുത്താന്‍ ഒരിക്കലും പാടില്ല. ജപ്തി വിരുദ്ധ നിയമം കര്‍ശനമായി അനുശാസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *