നടന്‍ ആസിഫ് അലിയെ അപമാനിച്ചു; ഫെഫ്ക്ക രമേശ് നാരായണനോട് വിശദീകരണം തേടി
കൊച്ചി: നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ പരസ്യമായി അപമാനിച്ച വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക. രമേശ് നാരായണോട് വിശദീകരണം തേടിയിരുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിവേകത്തോടെയും പക്വതയോടെയും അദ്ദേഹം പെരുമാറണമായിരുന്നു. ആസിഫ് അലിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആസിഫ് കാണിച്ചത് പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉദാരതയുമാണ്. ആസിഫിനെ ചേര്‍ത്ത് നിര്‍ത്തുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആസിഫ് അലിയുടെ കയ്യില്‍ നിന്ന് താന്‍ സന്തോഷമായിട്ടാണ് പുരസ്‌കാരം വാങ്ങിയതെന്നും അതു ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തില്‍ നിന്നുകൂടി സ്വീകരിച്ചതെന്നും സംഭവത്തില്‍ രമേശ് നാരായണന്‍ വ്യക്തമാക്കിയിരുന്നു. പ്രചരിക്കുന്ന വിഡിയോ കണ്ടിട്ട് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ആരോടും വിവേചനപരമായി പെരുമാറുന്ന ആളല്ല താനെന്നും രമേശ് നാരായണന്‍ പറഞ്ഞു. അതേസമയം, സംഭവത്തോട് ആസിഫ് അലി ഇതുവരെയും പ്രതികരിച്ചിട്ടില്ല.