വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; നാട്ടുകാര്‍ മന്ത്രി കേളുവിനെ തടഞ്ഞു
വയനാട്: കല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വയനാട് കല്ലൂരില്‍ മന്ത്രി ഒ ആര്‍ കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അതേസമയം, സംഭവത്തില്‍ സര്‍വകക്ഷിയോഗം നടക്കുകയാണ്. വയനാട് കല്ലൂര്‍ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ മൃതദേഹം കല്ലൂരിലെത്തിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തില്‍ രാജുവിന് പരുക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു രാജു മരിച്ചത്. വയലില്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. പ്രദേശത്തു വന്യജീവികളെത്തുന്നതു സ്ഥിരം സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്തവിധം ആശങ്കയിലാണിവര്‍. തകര്‍ന്ന വേലി കടന്നെത്തിയ കൊമ്പനാണു കഴിഞ്ഞ ഞായറാഴ്ച രാജുവിനെ വീടിനു സമീപത്തുവച്ച് ആക്രമിച്ചത്. മുമ്പ് രാജുവിന്റെ സഹോദരന്‍ ബാബുവിനെ ആന ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബു ഇന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. അതിനിടയിലാണു വീണ്ടും ആനക്കലിയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്.