ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയില്‍ പിൻവലിച്ചേക്കും
തിരുവനന്തപുരം: വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയില്‍ സർക്കാർ പുനഃരാലോചിക്കുന്നു. നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് സ്പോട്ട് ബുക്കിംഗ് അനുവദിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇന്നുചേരുന്ന ദേവസ്വം ബോർഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇന്ന് വൈകിട്ട് ദേവസ്വം ബോർഡ് പ്രസിസന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി .സുന്ദരേശൻ എന്നിവർ മാദ്ധ്യമങ്ങളെകാണുന്നുണ്ട്. പുതിയ തീരുമാനം അപ്പോള്‍ വ്യക്തമാക്കിയേക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല – മകരവിളക്ക് കാലത്ത് ദർശനത്തിന് ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ചില സംഘടനകള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
തിരക്ക് ഏറുമ്പോള്‍ പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാല്‍ സ്പോട്ട് ബുക്കിംഗ് ഇല്ലാതിരിക്കുകയും ഭക്തരെ തടയുകയും ചെയ്യുമ്ബോള്‍ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത. അന്യ സംസ്ഥാനക്കാർ ഉള്‍പ്പെടെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ബുക്ക് ചെയ്യാതെ നേരിട്ട് പമ്പയിലെത്തുന്നത്. മുൻ വർഷങ്ങളില്‍ പന്തളം, ചെങ്ങന്നൂർ, നിലയ്‌ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരുന്നു. തീർത്ഥാടനത്തിന്റെ അവസാന വേളയില്‍ സ്പോട്ട് ബുക്കിംഗ് നിലയ്ക്കലും പമ്ബയിലും മാത്രമാക്കിയിരുന്നു. കഴിഞ്ഞതവണ തിരക്കേറിയ ദിവസങ്ങളില്‍ അയ്യായിരത്തിലേറെ ഭക്തർ പ്രതിദിനം ഇങ്ങനെ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. എരുമേലിയില്‍ നിന്ന് പരമ്പരാഗത പാത വഴി ഉള്‍വനത്തിലൂടെ നടന്നെത്തുന്ന സംഘങ്ങളും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരല്ല.കാരണം അവർക്ക് നിശ്ചിത സമയം പാലിക്കാൻ കഴിയില്ല. കഴിഞ്ഞ തവണ ഇങ്ങനെ വന്ന ഇരുപതിനായിരത്തിലേറെ പേർ പമ്ബയില്‍ സ്പോട്ട് ബുക്കിംഗ് നടത്തിയാണ് മല ചവിട്ടിയത്.