x
NE WS KE RA LA
Latest Updates

കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറെന്ന് കേന്ദ്രം

കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറെന്ന് കേന്ദ്രം
  • PublishedDecember 23, 2024

തിരുവനന്തപുരം: സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍.150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. എന്തുകൊണ്ട് ആണവനിലയമായിക്കൂടെന്ന് ചോദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഊര്‍ജവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്രം സാധ്യമായ സഹായമെല്ലാംചെയ്യാം. നിലയം സ്ഥാപിച്ചാല്‍ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതില്‍ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, മുന്‍പ് ഊര്‍ജവകുപ്പും വൈദ്യുതിബോര്‍ഡും പദ്ധതിനിര്‍ദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസര്‍കോട്ടെ ചീമേനിയുമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍, ഞായറാഴ്ച ഇതേക്കുറിച്ച് ചര്‍ച്ചവന്നപ്പോള്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി അതിരപ്പള്ളി ഇതിനായി നിര്‍ദേശിക്കുന്നതിനെ എതിര്‍ത്തു. അവിടെ ഡിസ്‌നി ലാന്‍ഡ് മാതൃകയില്‍ വലിയൊരു ടൂറിസംകേന്ദ്രം ആസൂത്രണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചെങ്കിലും ഇക്കാര്യം ചര്‍ച്ചചെയ്തില്ല.

കേന്ദ്രമന്ത്രിക്ക് കേരളം നല്‍കിയ നിവേദനത്തിലും ആണവനിലയത്തെക്കുറിച്ച് പരാമര്‍ശമില്ല. ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോര്‍ജ കോര്‍പ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബിജു പ്രഭാകര്‍ നേരത്തേ ചര്‍ച്ചനടത്തിയിരുന്നു. 220 മെഗാവാട്ടിന്റെ രണ്ടുനിലയങ്ങളില്‍നിന്നായി 440 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി.യുടെ ലക്ഷ്യം. 7000 കോടി ചെലവുവരും. ഇതിന്റെ 60 ശതമാനം കേന്ദ്രം നല്‍കണമെന്നും കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. അംഗീകാരമായാല്‍ 10 വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *