ദില്ലി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ ഗാസിപുര്‍ അതിര്‍ത്തിയിൽ യുപി പൊലീസ് തടഞ്ഞു. ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടാണ് തടഞ്ഞത്. വാഹന വ്യൂഹം പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.
രാവിലെ ഒമ്പതരയോടെയാണ് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണത്തെ തുടര്‍ന്ന് ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായിരിക്കുകയാണ്. അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ് യുപി പൊലീസ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു.
കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പായി രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ രാഹുൽ ഗാന്ധി എത്തി. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ രാഹുലിന് പിന്തുണ അറിയിച്ചത്.