കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. സവാദ് എന്നയാൾക്കാണ് വെടിയേറ്റത്. കേരള – കർണാടക അതിർത്തിയായ ബാക്രബയലിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കാടുമൂടിയ കുന്നിൻപ്രദേശത്ത് പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ കയറിപ്പോയ സമയത്താണ് സവാദിന് വെടിയേൽക്കുന്നത്. ഇയാൾക്കൊപ്പം മറ്റ് 4 പേർ കൂടിയുണ്ടായിരുന്നു. ഇവർ ബൈക്കിലായിരുന്നു എത്തിയത്.
കുന്നിൻ മുകളിലേക്ക് കയറിപ്പോയ സമയത്ത് പെട്ടെന്ന് സവാദിന്റെ മുട്ടിന് മുകളിലായി വെടിയേൽക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് മഞ്ചേശ്വരം പൊലീസ് തിരച്ചിൽ നടത്തുകയാണ്. എന്നാൽ അക്രമികളെക്കുറിച്ച് യാതൊരു സൂചനകളും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. വെടിവെപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനപ്രദേശത്ത് അക്രമികൾക്ക് എന്തായിരുന്നു പദ്ധതി എന്ന കാര്യത്തിലും പൊലീസ് അന്വേഷണം ഉണ്ടാകും.