യുവാവിന് നേരെ ആക്രമണം; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തല അടിച്ചുതകർത്തു

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിൽ വെച്ച് യുവാവിന് നേരെ ആക്രമണം. യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു.
ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ബാറിനുള്ളിൽ വെച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ബാറിലെ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ യുവാവിനെ പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. തുടര്‍ന്നാണ് ബാറിന് പുറത്തുവെച്ചും റോഡിൽ വെച്ചും യുവാവിനെ ആക്രമിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദനമേറ്റിരിക്കുന്നത്. കമ്പി പോലുള്ള വടികൊണ്ടും ഹോക്കി സ്റ്റിക്കുകൊണ്ടും യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെ യുവാവിനെ പല തവണ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മർദനത്തിൽ യുവാവിന്‍റെ തലയോട്ടി പൊട്ടുകയും തലച്ചോറിൽ നിന്ന് രക്തപ്രവാഹം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിന്‍റെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.