x
NE WS KE RA LA
Kerala Latest Updates

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങി; യുവാവ് പിടിയില്‍
  • PublishedJanuary 16, 2026

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലാണ് സംഭവം. ബീച്ചിലെ മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് അതില്‍ കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവര്‍ രാവിലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ വെള്ളയില്‍ പൊലീസ് സംഘം യുവാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും പേപ്പറില്‍ നിരത്തിയിട്ട നിലയില്‍ കഞ്ചാവ് കണ്ടെടുത്തു. സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ വെള്ളയില്‍ പോലീസ് റാഫിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉണക്കാനിട്ട കഞ്ചാവിന്റെ തൂക്കം ലഭ്യമായിട്ടില്ല. ഇതെവിടെ നിന്ന് ലഭിച്ചു എന്നടക്കം വിവരം ലഭിക്കാന്‍ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്ക് ലഹരി വില്‍പന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട ശേഷം അരികില്‍ കിടന്നുറങ്ങിയ പ്രതിയുടെ നടപടി പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *