ഇഎംഐ അടവ് മുടങ്ങിയോ എങ്കില്‍ നിങ്ങളുടെ ഫോണ്‍ ലോക്ക് ആകും: റിമോട്ട് ലോക്കിങ് ഫീച്ചര്‍ നടപ്പിലാക്കാന്‍ ആര്‍ബിഐ
ഇഎംഐ ഉപയോഗിച്ച് ഫോണ്‍ വാങ്ങുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഒരു തവണ ഇഎംഐ അടവ് മുടങ്ങിയാല്‍ അങ്ങനെ വാങ്ങിച്ച ഫോണ്‍ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തില്‍ ലോക്ക് ആയി പോയാലോ. ഇങ്ങനെ ക്രെഡിറ്റില്‍ വാങ്ങിയ ഫോണ്‍ റിമോട്ട് ആയി ലോക്ക് ചെയ്യാന്‍ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.
കിട്ടാകടം പെരുകുന്നത് തടയാന്‍ വേണ്ടിയാണ് ആര്‍ ബി ഐയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും പുതിയ തീരുമാനം ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. ഈ രീതി ഉപയോഗിച്ചിരുന്ന വായ്പാദാതാക്കളോട് അത് നിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം ആര്‍ ബി ഐ നിര്‍ദേശിച്ചിരുന്നതാണ്. ധനകാര്യ സ്ഥാപനങ്ങളുമായുള്ള കൂടിയാലോചനകളെത്തുടര്‍ന്നാണ് ഈ രീതി വീണ്ടു പ്രാവര്‍ത്തികമാക്കാന്‍ ആര്‍ ബി ഐ അനുമതി നല്‍കിയിരിക്കുന്നത്. ഇങ്ങനെ വായ്പാ സ്ഥാപനങ്ങള്‍ക്ക് റിമോട്ട് ലോക്ക് ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഫെയര്‍ പ്രാക്ടീസസ് കോഡ് അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഉപയോക്താക്കളുടെ ഡാറ്റ, സ്വകാര്യത, അവകാശങ്ങള്‍ എന്നിവയെ പറ്റിയുള്ള ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം. ഹോം ക്രെഡിറ്റ് ഫിനാന്‍സിന്റെ 2024 ലെ പഠനമനുസരിച്ച്, ഇന്ത്യയില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ഇ എം ഐ ഉപയോഗിച്ചാണ് വാങ്ങുന്നത്. ഉപയോക്താവിന്റെ സമ്മതത്തോടെയാകും ഫോണ്‍ വാങ്ങുമ്പോള്‍ ഇത്തരത്തിലുള്ള റിമോട്ട് ലോക്കിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നും ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റകളിലേയ്ക്ക് ഇത്തരം ആപ്പുകള്‍ക്ക് ആക്‌സസ് ഉണ്ടാകുകയില്ലെന്നുമാണ് ഇതിനെ പിന്തണക്കുന്ന ചില വിദഗ്ദരുടെ അഭിപ്രായം.