യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ടിൽ ദളിത് യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തി. ദുരഭിമാനക്കൊലയെന്ന് സംശയം. സൂര്യപേട്ട് സ്വദേശി വി കൃഷ്ണയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആറ് മാസം മുൻപ് ഇതര സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയെ കൃഷ്ണ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾ തന്‍റെ മകനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കൃഷ്ണയുടെ അച്ഛൻ ആരോപിച്ചിരിക്കുന്നത്.
സംഭവത്തിൽ കുറ്റവാളികൾ ആരായാലും എത്രയും പെട്ടെന്ന് കണ്ടെത്തി കനത്ത ശിക്ഷ നൽകണമെന്ന് കൃഷ്ണയുടെ ഭാര്യ ആവശ്യപ്പെട്ടു. തലയ്ക്ക് കല്ലുപോലുള്ള വസ്തു കൊണ്ട് അടിയേറ്റാണ് കൃഷ്ണ മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൃഷ്ണയുടെ ഭാര്യാസഹോദരൻ നവീനും ബന്ധു മഹേഷും ഒളിവിലാണ്. ഇവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.