x
NE WS KE RA LA
Kerala

ഭക്ഷണം കഴിച്ച് പ്രായം കുറയ്ക്കാം

ഭക്ഷണം കഴിച്ച് പ്രായം കുറയ്ക്കാം
  • PublishedMarch 19, 2025

ധാന്യങ്ങള്‍ തവിടോടുകൂടി കഴിക്കാം

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ പുറംതള്ളാനും ധാന്യങ്ങള്‍ തവിടോടുകൂടി തന്നെ കഴിക്കണം. ഇവയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുവാനുളള സാധ്യത കുറയ്ക്കും. തവിടുളള അരി, നുറുക്ക് ഗോതമ്പ്, ഓട്‌സ് തുടങ്ങിയവ ദിവസത്തില്‍ ഒരു നേരമെങ്കിലും കഴിക്കുന്നത് നല്ലതാണ്. പ്രാതലിനായി ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ഗോതമ്പു പൊടിക്കൊപ്പം കുറച്ച് ഓട്‌സ് ചേര്‍ക്കാം. അല്ലെങ്കില്‍ നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പു മാവ് ഉണ്ടാക്കാം.

തക്കാളി പോലെ മിനുങ്ങാന്‍

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചുളിവുകള്‍ വീണ് ചര്‍മം തൂങ്ങി പോകാതിരിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ തക്കാളി ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ശീലമാക്കൂ. സോസ് പോലെയോ കറിയില്‍ ചേര്‍ത്തോ ദിവസവും ഒരു നേരമെങ്കിലും തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കാം.

തക്കാളി
കാരറ്റ്, ബീറ്റ്‌റൂട്ട്, മത്തന്‍ കൂട്ടുകെട്ട്

ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാനും ചുളിവുകള്‍ വീഴാതിരിക്കാനും സഹായിക്കുന്നു. ഇവ വേവിക്കുകയോ എണ്ണയില്‍ വറക്കുകയോ ചെയ്യുന്നതു വഴി പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ദിവസത്തില്‍ ഒരു നേരമെങ്കിലും ഇവ പച്ചയ്ക്കു കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനൊപ്പം ദിവസവും വെജിറ്റബിള്‍ സാലഡ് നിര്‍ബന്ധമാക്കുക. ഇവയിലേതെങ്കിലും ഒന്നോ രണ്ടോ പച്ചക്കറികള്‍ 100 ഗ്രാം വീതമെടുത്ത് അരിഞ്ഞ് നാരങ്ങാനീരും ഉപ്പും ചേര്‍ത്താല്‍ അഞ്ച് മിനിറ്റിനുളളില്‍ സാലഡ് റെഡി.

പപ്പായ തിളങ്ങട്ടെ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ എ എന്നിവ ചര്‍മത്തിന്റെ തിളക്കം കൂട്ടും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും പപ്പായ കഴിക്കുന്നത് ശീലമാക്കുക. പഴുത്ത പപ്പായ, കശുവണ്ടി, തേന്‍ എന്നിവ ചേര്‍ത്ത് ഷേക്ക് ഉണ്ടാക്കാം. പച്ചപ്പപ്പായ തോരനുണ്ടാക്കാം. സാമ്പാറിലും അവിയലിലും ചേര്‍ക്കാം.

ചര്‍മം തൂങ്ങാതിരിക്കാന്‍ നാരങ്ങ

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി, ഫോസ്ഫറസ് തുടങ്ങിയവ ത്വക്കിലെ കൊളാജിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. ദിവസവും രാവിലെ ഒരു പിടി മാതളനാരങ്ങയുടെ അല്ലി കഴിക്കുന്നത് വിളര്‍ച്ച ഉണ്ടാകാതെ, ചര്‍മത്തിന് സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. സാലഡുകളില്‍ മാതളനാരങ്ങ ചേര്‍ക്കുന്നത് ശീലമാക്കാം.
ചര്‍മത്തെ വെയിലില്‍ നിന്നു സംരക്ഷിക്കുന്ന പടച്ചട്ടയാണു മുന്തിരി എന്നു പറയാം. ഇതില്‍ അടങ്ങിയ വൈറ്റമിന്‍ സി, മാംഗനീസ് തുടങ്ങിയവ ചര്‍മത്തെ സൂര്യനില്‍ നിന്നു വരുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കും. മുന്തിരി പഴമായോ ജ്യൂസായോ സാലഡില്‍ ഉള്‍പ്പെടുത്തിയോ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം.

കറിവേപ്പില കളയാനുളളതല്ല

ഉപയോഗശൂന്യമെന്നു കരുതുന്ന കറിവേപ്പില അകാല നര തടയാന്‍ ഏറ്റവും നല്ലതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ മുടിയുടെ കറുപ്പു നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും ഒരു ചെറിയ തണ്ട് കറിവേപ്പിലയിട്ട് തിളപ്പിച്ച വെളളത്തില്‍ തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്.

ഇഞ്ചിനീരിന്റെ ഗുണം

ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ പുറംതള്ളാനും രക്തചംക്രമണം കൂട്ടാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും നിത്യേന ആഹാരത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തണം. ഇഞ്ചിയും തേനും ചേര്‍ത്ത മിശ്രിതം ഒരു വലിയ സ്പൂണ്‍ വീതെ രാവിലെയും കഴിക്കാന്‍ മറക്കല്ലേ.

വെളുത്തുളളി ഹൃദയത്തോടു ചേര്‍ക്കാം

സുന്ദരമായ ചര്‍മത്തിനും ആരോഗ്യമുളള ഹൃദയത്തിനും വെളുത്തുളളി വേണം. മത്സ്യം, ഇറച്ചി, ഇലക്കറികള്‍, വെജിറ്റബിള്‍ സൂപ്പ് തുടങ്ങിയവ പാകം ചെയ്യുമ്പോള്‍ കുറച്ചധികം വെളുത്തുളളി ചേര്‍ക്കാം. വെളുത്തുളളി ചെറുതീയില്‍ പാകം ചെയ്യുന്നതാണ് അതിലെ പോഷകങ്ങള്‍ പൂര്‍ണമായിട്ടും കിട്ടാന്‍ നല്ലതാണ്.

വെളുത്തുള്ളി
മധുരക്കിഴങ്ങിനെ മൈന്‍ഡ് ചെയ്യൂ

ചര്‍മത്തിന് കാന്തിയും മൃദുലതയും ലഭിക്കാനാവശ്യമായ പ്രോട്ടീന്‍ കിട്ടാന്‍ ഭക്ഷണത്തില്‍ മധുരക്കിഴങ്ങിനെ കൂട്ടിക്കോളൂ. കറികളായിട്ടോ പുഴുങ്ങിയോ കഴിക്കാന്‍ ശ്രദ്ധിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു കപ്പ് മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പഞ്ചസാരയ്ക്കു പകരം തേന്‍

തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും കൊളാജിന്‍ നശിച്ചു പോകുന്നതു മൂലം ഉണ്ടാകുന്ന ചുളിവുകള്‍ തടയുന്നു. പഞ്ചസാരയ്ക്കു പകരം ഗ്രീന്‍ ടീ, ബ്ലാക് ടീ, ഓട്‌സ് ഇവയ്‌ക്കൊപ്പം ഇനി തേന്‍ മാത്രം മതി എന്നു തീരുമാനിക്കാം.

വെളളം കുടിക്കാന്‍ മറക്കല്ലേ

ചര്‍മത്തില്‍ വരള്‍ച്ച മൂലം ഉണ്ടാകുന്ന ചുളിവുകള്‍ തടഞ്ഞ് ജലാംശം നിലനിര്‍ത്താനും കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും വെളളം ആവശ്യമാണ്. ദിവസവും രണ്ടു ലീറ്റര്‍ വെളളം കുടിക്കുന്നത് ശീലമാക്കണം. വെളളം കുടിക്കാന്‍ മടിയുളളവര്‍ക്ക് കഞ്ഞിവെളളമോ സംഭാരമോ മധുരം ചേര്‍ക്കാത്ത പഴസത്തോ കുടിക്കുന്നത് ശീലമാക്കാം.

ബദാം പാലിനൊപ്പം ചേരട്ടെ

പ്രോട്ടീന്റെയും വൈറ്റമിന്‍ ഇയുടെയും സ്രോതസ്സായ ബദാം ചര്‍മത്തിന്റെ കാന്തി നിലനിര്‍ത്തും. തലമുടി സമൃദ്ധമായി വളരാന്‍ സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം പാലില്‍ ചേര്‍ത്തു കഴിക്കുന്നതു നല്ലതാണ്.
നല്ലതാണ് നെല്ലിക്ക

ചെറുപ്പം നിലനിര്‍ത്താന്‍ ഏറ്റവും നല്ല മരുന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ഉളളതിനാല്‍ ചുളിവുകള്‍ വീഴാത്ത സുന്ദരമായ ചര്‍മ്മത്തിനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും. ദിവസവും ഒരു പച്ച നെല്ലിക്ക ശീലമാക്കൂ. രുചി ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അധികം വെളളം ചേര്‍ക്കാതെ നെല്ലിക്ക മിക്‌സിയിലരച്ച് തേന്‍ ചേര്‍ത്ത് രണ്ടോ മൂന്നോ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യാനുസരണം വെളളം ചേര്‍ത്ത് ദിവസവും ഓരോ ഗ്ലാസ് ജ്യൂസ് കുടിക്കാം. പ്രതിരോധശേഷി കൂട്ടാന്‍ നെല്ലിക്കയോളം നല്ല മരുന്ന് വേറെയില്ല.

Leave a Reply

Your email address will not be published. Required fields are marked *