മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം. ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ് . റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കേണ്ടി വന്നെന്നും റിംഷാനയുടെ മാതാവ് സുഹ്റ പറഞ്ഞു. കൂടാതെ മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും മാതാവ് വ്യക്തമാക്കി.
ജനുവരി 5നാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന.
റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചു. ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാൽ രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും പറയുന്നു . സംഭവത്തിൽ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.