കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു
കണ്ണൂര്‍: രണ്ട് ദിവസമായി കനത്ത മഴക്കിടെ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മന്‍സിലില്‍ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ജില്ലയില്‍ വന്‍ നാശനഷ്ടമാണ് നേരിടുന്നത്. പയ്യന്നൂര്‍ താലൂക്കില്‍ 10 വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂര്‍ നഗരസഭ, ഏഴോം, മാടായി വില്ലേജുകളിലാണ് വീടുകളും കൃഷികളും നശിച്ചത്. കനത്ത മഴയില്‍ കണ്ണൂര്‍ പഴയ സ്റ്റാന്‍ഡ് പരിസരത്തെ റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
മുഴക്കുന്ന് ഊവ്വാപ്പള്ളിയില്‍ ടി.എ. കുഞ്ഞാമിനയുടെ വീട്ടുമുറ്റത്ത് വിള്ളലുണ്ടായി. വീടിന് സമീപത്തായി മീറ്ററോളം ദൂരത്തില്‍ വലിയ ഗര്‍ത്തവും ഉണ്ടായിട്ടുണ്ട്. മഴ കനത്തതോടെ വിള്ളല്‍ വലുതായിവരുന്നത് വീട്ടുകാരെ ഭീതിയിലാക്കുകയാണ്. അയ്യന്‍കുന്ന് മുരിക്കുംകരിയില്‍ കുന്നില്‍നിന്ന് കൂറ്റന്‍ പറ ഇളകി വീട് അപകടഭീഷണിയിലായി. ബാവലി, ബാരാപോള്‍ പുഴകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. കോടിയേരിയില്‍ കൂറ്റന്‍ മരക്കൊമ്പ് പൊട്ടിവീണ് വീടിന് നാശമുണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് ഗോപാലപ്പേട്ടയില്‍ കുടുംബം വെള്ളക്കെട്ട് ഭീഷണിയിലായി. എക്കണ്ടിവളപ്പില്‍ കുഞ്ഞിപ്പുരയില്‍ ജിജേഷിന്റെ വീടാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. ചോയ്യാടത്ത് വീടിനോടു ചേര്‍ന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
മീത്തലെ പുന്നാട് മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ പയഞ്ചേരിയിലും ഊവ്വാപ്പള്ളിയിലും റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. മേഖലയില്‍ ചെറുതോടുകളിലും അരുവികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മൊറാഴ സി.എച്ച് നഗറിലെ പി. നാരായണിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. ഞായറാഴ്ചയുണ്ടായ കാറ്റിലും മഴയിലും ഈ പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി ഇലക്ട്രിക് പോസ്റ്റും തകര്‍ന്നിരുന്നു. കണ്ണൂര്‍ നഗരപ്രദേശത്തെ കക്കാട് പുഴ കരകവിഞ്ഞൊഴുകി. വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പയ്യാവൂര്‍ പൈസക്കരി റോഡില്‍ കാലിക്കണ്ടി ഭാഗത്ത് വൈദ്യുതി ലൈനില്‍ റബര്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.