കോഴിക്കോട് കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്: ഇന്നലെ വൈകീട്ടോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, ചെറുവാടി എന്നിവിടങ്ങളിലാണ് പ്രധാനമായും നഷ്ടങ്ങളുണ്ടായത്.
കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള ആക്കോട്ട് ചാലില്‍ സുബിന്‍ എന്ന യുവകര്‍ഷകന്റെ 300 ഓളം വാഴകള്‍ ശക്തമായ കാറ്റില്‍ നിലംപതിച്ചു. കുലകള്‍ വിളവെടുപ്പിന് പാകമായ നിലയിലുള്ള വാഴകളാണ് നശിച്ചത്. ആറാം വാര്‍ഡില്‍ തോട്ടക്കാട് സ്വദേശിയായ പുതിയോട്ടില്‍ ഭാസ്‌കരന്‍ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തി തകരുകയും ചെയ്തു . ശക്തമായി പെയ്ത മഴയില്‍ വീടിന്റെ മുറ്റം ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. വീട് അപകട ഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.