മലപ്പുറത്ത് ഭർതൃമതിയുടെ ആത്മഹത്യ : പ്രഭിൻനെതിരെ യുവതിയുടെ സുഹൃത്തിൻ്റെ മൊഴി

മലപ്പുറം: എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം. പ്രതികരണവുമായി വിഷ്ണുജയുടെ സുഹൃത്ത്. ഭർത്താവിൽ നിന്ന് വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത് വ്യക്തമാക്കി. വിഷ്ണുജക്ക് ശാരീരിക പീഡനവും ഏൽക്കുകയും. സുഹൃത്തുക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.
വിഷ്ണുജ അറിയാതെ മൊബൈൽ ഫോൺ പ്രഭിന്റെ ഫോണുമായി കണക്ട് ചെയ്തിരുന്നു. വിഷ്ണുജയുടെ ഫോണിൽ നിന്ന് പ്രതി തെളിവുകൾ നീക്കം ചെയ്തുവെന്നും സുഹൃത്ത് വ്യക്തമാക്കി. ഫോണിൽ പോലും വിഷ്ണുജക്ക് മനസുതുറന്ന് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇടയ്ക്കിടെ ചെക്ക് ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
സംഭവത്തിൽ വിഷ്ണുജയുടെ ഭർത്താവ് പ്രഭിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. ഒപ്പം സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നൽകുകയും ചെയ്തിരുന്നു.
സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും ജോലിയില്ലാത്തതിന്റെയും പേരിൽ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവനും പറഞ്ഞു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു.