കൊല്ലം: പരവൂരിൽ വനിതാ എസ്.ഐ മർദ്ദിച്ചു. പരാതിയുമായി എസ്ഐയുടെ ഭാര്യ രംഗത്ത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ വനിതാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ ഭർത്താവായ വർക്കല എസ്.ഐ അഭിഷേകിനും, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആശയ്ക്കും എതിരെയാണ് പരവൂർ സ്വദേശിയായ യുവതി പരാതി നൽകിയിരിക്കുന്നത്. കൂടാതെ ഭർതൃ വീട്ടുകാർക്കെതിരെയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽ വെച്ച് വനിതാ എസ്.ഐ മർദ്ദിച്ചെന്നാണ് യുവതി പറയുന്നത്. വനിതാ എസ്.ഐ വീട്ടിൽ വരുന്നതിനെ എതിർത്തതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിക്കാരി വ്യക്തമാക്കി .
എന്നാൽ തന്റെ വീട്ടിൽ കയറി മർദിച്ചിട്ടും അവിടെയുണ്ടായിരുന്ന അച്ഛനും അമ്മയും ഭർത്താവും അത് നോക്കി നിന്നുവെന്നും യുവതി ആരോപിച്ചു. അതുപോലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു.
തന്നെ എന്തെങ്കിലും ചെയ്യുമെന്നും അച്ഛനെയും അനിയത്തിയെയും കള്ളക്കേസിൽ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ബോധ്യപ്പെട്ടത് കൊണ്ടാണ് പൊലീസിൽ പരാതി നൽകിയതെന്ന് യുവതി പറഞ്ഞു. “100 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറും കൊടുത്തു. ഇപ്പോഴത്തെ വീടും തന്റെ അച്ഛൻ വാങ്ങി കൊടുത്തതാണ്. എന്നാൽ ഇപ്പോൾ പറയുന്നത് തന്നേക്കാൾ നല്ല പെണ്ണിനെ കിട്ടുമായിരുന്നെന്നാണ്. ജോലിയുള്ള പെണ്ണിനെ വലിയ വീട്ടിൽ നിന്ന് എസ്.ഐ ആയ മകന് കിട്ടുമെന്ന് പറഞ്ഞ് മാതാപിതാക്കളും ഭർത്താവും ഉപദ്രവിക്കുകയാണെന്നും” യുവതി പറയുന്നു.
സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതിയുടെ ഭർത്താവും വനിതാ എസ്ഐയും പറഞ്ഞു.