x
NE WS KE RA LA
Politics

നിലമ്പൂരില്‍ ആര്? അഭിമാനപോരാട്ടത്തിന് എൽഡിഎഫ്, തിരിച്ചുപിടിക്കാൻ യുഡിഎഫ്.

നിലമ്പൂരില്‍ ആര്? അഭിമാനപോരാട്ടത്തിന് എൽഡിഎഫ്, തിരിച്ചുപിടിക്കാൻ യുഡിഎഫ്.
  • PublishedMarch 29, 2025

മലപ്പുറം: യുഡിഎഫിനും എൽഡിഎഫിനും നിർണായകമായ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. എൽഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണെങ്കില്‍ നിലമ്പൂർ തിരിച്ചുപിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. അൻവറിലൂടെ ജയം കണ്ടിരുന്ന സിപിഐഎമ്മിന് കരുത്തനെ ഇറക്കിയാലേ ജയം ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. യുഡിഎഫ് ആണെങ്കില്‍ സ്ഥാനാർത്ഥിയെ കണ്ടെത്താൻ സർവേകൾ നടത്തി റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. മുതിർന്ന നേതാക്കളുമായി കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി കൂടിയാലോചന നടത്തും. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപ തിരഞ്ഞെടുപ്പിന് സമാനമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ യുഡിഎഫില്‍ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

സ്ഥാനാർത്ഥി സാധ്യതകൾ പരിശോധിച്ചാൽ രണ്ട് പേരുകൾ മാത്രമാണ് യുഡിഎഫ് ക്യാമ്പിൽ നിന്ന് ഉയരുന്നത്. 2016-ൽ കളത്തിലിറങ്ങിയ ആര്യാടൻ ഷൗക്കത്തും, കന്നി മത്സരം കാത്തിരിക്കുന്ന ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയും. എ പി അനിൽകുമാറിനാണ് നിലമ്പൂരിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതല. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അനില്‍ കുമാറിന് ചുമതല നല്‍കുകയായിരുന്നു. വാർഡ് അടിസ്ഥാനം മുതല്‍ ഏകോപനം ശക്തമാക്കാനാണ് തീരുമാനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചതായി മലപ്പുറം ഡിസിസി പ്രസിഡന്റ്‌ വിഎസ് ജോയ് പറഞ്ഞു. ആറു മാസം മുൻപ് വയനാട് ലോക്സഭാ ഉപതിരഞ്ഞടുപ്പ് നടന്നത് കൊണ്ട് സംഘടന സംവിധാനം സജ്ജമാണ്. പിണറായിസത്തിനെതിരെ ജനങ്ങൾ വിധി എഴുതുമെന്നും ആര് സ്ഥാനാർഥി ആയാലും നിലമ്പൂർ തിരിച്ചു പിടിക്കുമെന്നും വി എസ് ജോയ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. നിലമ്പൂരില്‍ വലിയ പ്രതീക്ഷയാണ് യുഡിഎഫിനെന്ന് ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചു. സ്ഥാനാർത്ഥികളെ ഹെെക്കമാൻഡ് തീരുമാനിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.

ഏപ്രില്‍ ഒടുവിലോ മെയിലോ നിലമ്പൂരില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. ജനുവരി 13 ന് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പിന് വഴിവെച്ചത്. സിപിഐഎമ്മില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നല്‍കിയിട്ടുള്ളത്. എല്‍ഡിഎഫിലെ സ്ഥാനാർത്ഥി സാധ്യത പരിശോധിച്ചാൽ എം സ്വരാജ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി എം ഷൗക്കത്ത് എന്നിവരാണ് മുഖ്യ പരിഗണനയിൽ ഉള്ളത്. സ്വരാജ് ഏതാനും മാസമായി മണ്ഡലത്തില്‍ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *