കായംകുളത്തെ വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കായംകുളം: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കായംകുളത്തെ വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. 24 പര്‍ഗാനസ് കാഞ്ചന്‍പുര നോര്‍ത്ത് ലെനിന്‍ സരണി റോഡില്‍ പങ്കജ് ശര്‍മ (35) യെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രാഞ്ചൈസി തിരുവല്ലയില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 1,18,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങുകയകയിരുന്നു. പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ വ്യാജ ലിങ്ക് നിര്‍മിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പങ്കജ് ശര്‍മയാണ് പ്രതിയെന്ന് കണ്ടെത്തിയത്.
മറ്റൊരു കേസില്‍ അറസ്റ്റിലായ ഇയാളെ ഉത്തര്‍പ്രദേശിലെ ഫത്തേപ്പുര്‍ ജില്ലാ ജയിലിലെത്തി അറസ്റ്റ് ചെയ്ത് കായംകുളം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്ചെയ്തു. തലശേരി പൊലീസ് സ്റ്റേഷനിലും സമാനകേസില്‍ പ്രതിയാണ്. കായംകുളം ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്‌ഐ രതീഷ് ബാബു, എഎസ്‌ഐ സജീവ്കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ശിവകുമാര്‍, അന്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.